ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം -
ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങളുടെയും ചരിത്രരേഖകളുടേയും അഭാവത്തില്‍ ഐതിഹ്യങ്ങളും അപൂര്‍വ്വം ചില ചരിത്രവസ്തുതകളും മാത്രമാണ് ഈ പ്രദേശത്തിന്‍റെ പൂര്‍വ്വ ചരിത്രത്തിലേക്ക് എത്തിനോക്കാന്‍ സഹായിക്കുന്നത്. കുറിമ്പിയാതിരി സ്വരൂപം അഥവാ കുറുമ്പ്രനാട്ട് രാജവംശത്തിന്‍റെ കീഴിലായിരുന്നു നന്മണ്ടയും ചുറ്റുമുളള പ്രദേശങ്ങളും. നന്മണ്ടയുടെ പടിഞ്ഞാറെ അറ്റത്തുള്ള കൊളത്തൂര്‍ക്ഷേത്രത്തിൽ ക്രിസ്തുവര്‍ഷം ആയിരാമാണ്ടിൽ കുറുമ്പ്രനാട്ട് രാജാവ് എഴുതിച്ച ഒരു ശിലാ ലിഖിതംകാണാം. തൊട്ടടുത്ത പ്രദേശങ്ങളെ പോലെ നന്മണ്ടയിലെ ചീക്കിലോട്, കൊളത്തൂര്‍ പ്രദേശങ്ങളിൽ മഹാശിലാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു. കൊയിലാണ്ടിയില്‍ നിന്ന് പടനിലത്തേക്കുള്ള പ്രധാന നാട്ടുവഴി നന്മണ്ടയിലൂടെയായിരുന്നു വെന്ന് പറയപ്പെടുന്നു. കുന്നത്തെരു, തളിഅമ്പലം റോഡ് എന്നിവിടങ്ങളിലൂടെ ആയിരുന്നു റോഡ് കടന്ന് പോയത്. നന്മണ്ട തളിഅമ്പലം കേരളം മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ഒരു ക്ഷേത്രശൃംഖലയുടെ ഭാഗമായാണ് കരുതപ്പെടുന്നത്. ദേശീയസ്വാതന്ത്ര്യപ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തനം 1930-കളില്‍ തന്നെ നന്മണ്ടയിൽ ആരംഭിച്ചു. കെ.കേളപ്പന്‍, എ.വി.കുട്ടിമാളു അമ്മ എന്നിവർ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തിൽ നേരിട്ട് പങ്കെടുത്ത അനുഭവങ്ങളുണ്ട്. നന്മണ്ട പഞ്ചായത്ത് 1988-വരെ ഉള്‍പ്പെട്ടിരുന്ന കൊടുവള്ളി ബ്ലോക്ക് പ്രദേശത്ത് താമ്രപത്രം ലഭിച്ച രണ്ട് സ്വാതന്ത്ര്യസമരസേനാനികളില്‍ ഒരാൾ നന്മണ്ടയിലെ നൊരുമ്പുകണ്ടി കുഞ്ഞിരാമന്‍ നായരായിരുന്നു. നന്മണ്ടയില്‍ ജനിച്ചുവളര്‍ന്ന പുതിയേടത്ത് കൃഷ്ണന്‍ നായര്‍ക്കും താമ്രപത്രം ലഭിച്ചിട്ടുണ്ട്. എന്‍.എ.ഗോപാലന്‍നായർ നന്മണ്ട 13-ല്‍ അന്നുണ്ടായിരുന്ന ഹൈസ്ക്കൂളിൽ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് കണ്ണൂരിൽ ജയില്‍ശിക്ഷ അനുഭവിച്ചത്.

സാംസ്കാരികചരിത്രം
നഞ്ഞുണ്ടദേവന്‍റെ (ശ്രീപരമേശ്വരന്‍) ഉപവിഷ്ഠസ്ഥാനം എന്ന അര്‍ത്ഥമുള്ള ഞ്ഞുണ്ട എന്ന പദം ലോപിച്ചാണ് നന്മണ്ടയായത് എന്നാരു ഐതിഹ്യം ഈ പഞ്ചായത്തിന്‍റെ പേരിനു പിന്നിലുണ്ട്. നാലുഭാഗങ്ങളും മണ്ടകളാല്‍ (കുന്നുകള്‍) ചുറ്റപ്പെട്ടതായതുകൊണ്ട്-നാല്‍മണ്ട ലോപിച്ചാണ് നന്മണ്ടയായത് എന്നും നല്ല മണ്ടകള്‍ ഉള്ള തെങ്ങിന്‍ പ്രദേശങ്ങളായിരുന്നതുകൊണ്ടാണ് നന്മണ്ട എന്നു നാമം സിദ്ധിച്ചത് എന്നുമുള്ള വാദഗതികളും നിലനില്‍ക്കുന്നുണ്ട്. ശതാബ്ദങ്ങള്‍ക്കുമുമ്പ് സാമൂതിരി രാജവംശത്തിന്‍റെ സാമന്തന്മാരായിരുന്ന കുറുമ്പനാട് സ്വരൂപത്തിന്‍റെ ഭാഗമായിരുന്നു നന്മണ്ട പഞ്ചായത്ത്. അന്ന് ഭരണത്തിന്‍റെ ആസ്ഥാനം ബാലുശ്ശേരിയായിരുന്നു. ഒരുകാലത്ത് പൊന്‍കുന്നിൽ നിന്നും ഇരുമ്പയിരുകൾ കൊണ്ടുവന്ന് സംസ്ക്കരിച്ച് പണിയായുധങ്ങള്‍ നിര്‍മ്മിക്കുന്ന വ്യവസായം ഇവിടെ ഉണ്ടായിരുന്നു. അയിരുകള്‍ ശേഖരിച്ചതെന്ന് കരുതപ്പെടുന്ന വലിയ കുഴികളും സംസ്കരിച്ചതിന്‍റെ അവശിഷ്ടങ്ങളായ ഇരുമ്പിന്‍ ചീടങ്ങളും ഇവിടെ ഇന്നും കാണാം. പഞ്ചായത്തിന്‍റെ പാറോൽ ഭാഗത്ത് നിന്നു ലഭിച്ച കല്ലച്ചുകള്‍ നന്മണ്ടയിലെ രാഷ്ട്രീയ പൈതൃകത്തിന്‍റെയും സാമൂഹ്യ-സാംസ്കാരിക പരിഷ്കരണ ചരിത്രത്തിന്‍റെയും മായാത്ത രേഖകളായി ഇന്നും അവശേഷിക്കുന്നു. സവര്‍ണ്ണ മേധാവിത്തവും, ജന്മിത്ത വ്യവസ്ഥിതിയും അതിന്‍റെ നവരസ സ്വഭാവങ്ങളോടുകൂടി കൊടികുത്തി വാണിരുന്ന പ്രദേശമായിരുന്നു നന്മണ്ട. ഇന്ന് നിലനില്‍ക്കുന്ന വിവാഹാചാരങ്ങളില്‍ പലതും മുന്‍കാലങ്ങളിൽ നിന്ന് പല മാറ്റങ്ങള്‍ക്കും വിധേയമായി ഉരുത്തിരിഞ്ഞുവന്നതാണ്. ഋതുമതിയാവുന്നതിനുമുമ്പ് കെട്ടുകല്ല്യാണം കഴിഞ്ഞ പെണ്‍കുട്ടിക്ക് മാത്രമേ അക്കാലത്ത് വിവാഹത്തിന് അര്‍ഹത ഉണ്ടായിരുന്നുള്ളു. വളരെ ആര്‍ഭാടമായി പാട്ടമ്മയുടെ സാന്നിധ്യത്തിലാണ് ഇത്തരം കെട്ടു കല്ല്യാണങ്ങള്‍ നടന്നിരുന്നത്. നന്മണ്ടയുടെ സാംസ്കാരിക രംഗം സമ്പുഷ്ടമാക്കുന്നതിന് മുസ്‍ലീം സമുദായവും അതിന്‍റെതായ പങ്ക് വഹിച്ചിട്ടുണ്ട്. സവര്‍ണ്ണ മേധാവിത്വം നിലനിന്ന കാലത്ത് താഴ്ന്ന ജാതിക്കാര്‍ക്ക് മുസ്‍ലീം വീടുകളിൽ പ്രവേശനം അനുവദിച്ചിരുന്നു എന്നത് ശ്രദ്ധാര്‍ഹമാണ്. അക്കാലത്ത് മുസ്‍ലീങ്ങള്‍ക്ക് സവര്‍ണ്ണരുടെ വീടുകളില്‍ പ്രവേശനമുണ്ടായിരുന്നു. വീട് തീണ്ടാതിരിക്കുവാന്‍ പ്രത്യേകം തടുക്കുകള്‍ അവര്‍ക്ക് കൊടുത്തിരുന്നു. മുസ്‍ലീം സമുദായത്തിന്‍റെ മഹല്ല് സംവിധാനങ്ങള്‍ നന്മണ്ടയിൽ അക്കാലത്തും ഉണ്ടായിരുന്നത് ഇവിടുത്തെ സാമുദായിക പ്രവര്‍ത്തനങ്ങളുടെ ചരിത്രവും ചിത്രവും നല്‍കുന്നു. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇരുപത്തിയഞ്ചാളം ക്ഷേത്രങ്ങളുണ്ട്. ഇതില്‍ 1500-ല്‍ പരം വര്‍ഷത്തെ പഴക്കം കണക്കാക്കിയിട്ടുള്ള കൊളത്തൂരപ്പന്‍ ക്ഷേത്രത്തിൽ നിന്നും കണ്ടെടുത്ത ശിലാലിഖിതങ്ങള്‍ കുറുമ്പ്രനാടന്‍ സ്വരൂപത്തിന്‍റെയും രാജഭരണത്തിന്‍റെയും കഥകള്‍ പറയുന്നു. കുറുമ്പുറൈ എന്ന അന്നത്തെ സ്ഥാനപ്പേരിനെക്കുറിച്ചുള്ള ഏറ്റവും പഴയരേഖയും കൊളത്തൂര്‍ ലിഖിതമാണ്. ഏതാണ്ട് എട്ട് നൂറ്റാണ്ട് പഴക്കമുള്ള കുറുമ്പ്രനാടന്‍ സ്വരൂപത്തിന്‍റെ ചരിത്ര സിദ്ധിയെ മനസ്സിലാക്കാൻ സഹായിക്കുന്ന കൊളത്തൂര്‍ ലിഖിതങ്ങൾ പഞ്ചായത്തിന്‍റെ ചരിത്ര സംസ്കാരത്തെ വിളിച്ചറിയിക്കാനുതകുന്നതാണ്. മഹാശിലാപരിഷ്കൃതിയുടെ പാത്രമാതൃകയായ കറുപ്പും ചുവപ്പും നിറമുള്ള പാത്രങ്ങളും സാര്‍ക്കോഫാഗസ് എന്നറിയപ്പെടുന്ന കാലുകളുളള മണ്‍പേടകങ്ങളും ചീക്കിലോട് ഭാഗത്തുനിന്നും ലഭിച്ചിട്ടുണ്ട്. മുസ്‍ലീം ആരാധനാ കേന്ദ്രങ്ങളായി 6 ജുമാ അത്ത് പള്ളികൾ നന്മണ്ടയിലുണ്ട്. കൂടാതെ സ്രാമ്പികളും ഉണ്ട്. പഞ്ചായത്തില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ഇല്ല.